05:24pm 05 August 2026
NEWS
വനിതാ സംവരണവും മണ്ഡല പുനർനിർണയവും ഒരുമിച്ച്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് കേന്ദ്രത്തിന്റെ നീക്കം
05/08/2026  03:42 PM IST
NILA
വനിതാ സംവരണവും മണ്ഡല പുനർനിർണയവും ഒരുമിച്ച്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് കേന്ദ്രത്തിന്റെ നീക്കം

 

ന്യൂഡൽഹി: വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ ബില്ലും ഒരുമിച്ച് പാർലമെന്റിൽ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഇതിനായി ഓഗസ്റ്റ് 17-ന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓഗസ്റ്റ് 13-ന് മൺസൂൺ സമ്മേളനം അവസാനിക്കുമെങ്കിലും പാർലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിയാതെ, ദിവസങ്ങൾക്കകം പ്രത്യേക സമ്മേളനം ചേരാനാണ് കേന്ദ്രത്തിന്റെ ആലോചന. ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷമാകും അന്തിമ തീരുമാനം.

കഴിഞ്ഞ ഏപ്രിലിൽ ചേർന്ന സമ്മേളനത്തിൽ വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയ ബില്ലും അവതരിപ്പിച്ചിരുന്നെങ്കിലും ലോക്സഭയിലും രാജ്യസഭയിലും ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ ബില്ലുകൾ പാസാക്കാനായിരുന്നില്ല.

എന്നാൽ, പിന്നീട് നടന്ന പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസിലും ഉദ്ദവ് താക്കറെയുടെ ശിവസേനയിലും ഉണ്ടായ കൂറുമാറ്റങ്ങൾ എൻ.ഡി.എ.യുടെ അംഗബലം വർധിപ്പിച്ചതായാണ് വിലയിരുത്തൽ. ഇന്ത്യാ സഖ്യത്തിലെ ഡി.എം.കെ.യും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ അകൽച്ചയും ഭരണപക്ഷത്തിന് അനുകൂല സാഹചര്യമൊരുക്കുന്നുവെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

ഭരണഘടനാ ഭേദഗതി പാസാക്കാൻ ലോക്സഭയിൽ 360-ഉം രാജ്യസഭയിൽ 164-ഉം അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ഈ ലക്ഷ്യത്തിലേക്ക് എൻ.ഡി.എ. കൂടുതൽ അടുക്കുകയാണെന്നാണ് ഭരണപക്ഷത്തിന്റെ വിലയിരുത്തൽ.

ഇതിനിടെ, ബില്ലുകൾക്ക് പ്രതിപക്ഷ പിന്തുണ ഉറപ്പാക്കാൻ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, കോൺഗ്രസ് പിന്തുണ നൽകാനാവില്ലെന്ന നിലപാടാണ് രാഹുൽ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണത്തിലും ഡൽഹിയിൽ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിലും കേന്ദ്രസർക്കാർ മറുപടി നൽകാതെ പാർലമെന്റ് നടപടികളുമായി മുന്നോട്ടുപോകാനാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കിരൺ റിജിജു ലോക്സഭാ സ്പീക്കർ ഓം ബിർളയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും ചർച്ച നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img